എന്റെ കഥകളുടെ സുൽത്താന്,
ഭൂമിമലയാളത്തിൽ പിറന്നതും പിറക്കാനിരിക്കുന്നതുമായ സകലമാന മനുഷ്യർക്കും വേണ്ടി ഇങ്ങള് എഴുതിക്കൂട്ടിയ കാലാതീതമായ കത്തുകളെ ധ്യാനിച്ചു കൊണ്ട് ഈ ലൊഡുക്കൂസ് വരികൾ സമർപ്പിക്കുന്നു. ലക്കും ലഗാനുമില്ലാത്ത ഈ അണ്ഡകടാഹത്തിൽ, പ്രപഞ്ചം മുഴുവൻ കൈവശപ്പെടുത്തിയെന്ന് ധരിച്ചിരിക്കെയാണ് ഈ ബുദ്ദൂസുകളെ ഒരു രോഗാണു ഇട്ടു കറക്കുന്നതെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഇപ്പോൾ ഒരു വിധം എല്ലാരും ഇങ്ങടെ പോലെ ചാരു കസേരയിലിരുന്ന് സുലൈമാനിയും നുകർന്ന്, ചാമ്പമരം പൂത്തു നിൽക്കുന്നതും ഗോൾഡൻ ചെമ്പകം പൂവിട്ടതും നോക്കി വീട്ടിലിരിപ്പാണ്.
പിന്നെ, ഈ അലമ്പുകൾക്കിടയില്, ആകെ ഒരു ആശ്വാസം ഇങ്ങള് വരച്ചു കൂട്ടിയ ഇച്ചിരിപ്പിടിയോളം കൂട്ടരാണ്. മജീദിന്റെയും സുഹറയുടെയും നാരായണിയുടെയും സാറാമ്മയുടെയും കേശവൻ നായരുടെയുമൊക്കെ ആത്മാക്കൾ തലയോലപ്പറമ്പ് വീട്ടിൽ മാത്രമല്ല, എന്റെ മനസ്സിലും അലഞ്ഞു തിരിയാറുണ്ട്. ഇങ്ങള്ടെ റൊമാന്റിക് കഥകളുടെ ഹാങ്ങോവറിൽ ഞാനും ഒന്ന് പ്രണയിക്കാനൊക്കെ കരുതിയതാ... പക്ഷേ എന്ത് ചെയ്യാൻ, ഈ ബഡ്ക്കൂസുകളൊന്നും സാറാമ്മയ്ക്ക് കേശവൻ നായർ നൽകിയ പോലെ ശമ്പളത്തോടു കൂടിയ ഫുൾ ടൈം ജോലി നൽകുന്നില്ലെന്നേ! (യഥാർത്ഥത്തിൽ യൗവന തീഷ്ണവും പ്രേമസുരഭിലവുമായൊരു ഹൃദയം അവർക്കൊന്നും ഇല്ല!)
അതൊക്കെ പോട്ടെ, എന്താണ് അവിടുത്തെ വിശേഷങ്ങൾ? ചിരിക്കുമ്പോൾ മുഖത്തിന് ചുറ്റും പ്രകാശം പരക്കുന്ന ഏതെങ്കിലും തങ്കത്തിന്റെ കല്ലുവെച്ച് കെട്ടിയ ഉടലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണോ? അതോ കുഴിമടിയന്മാരായ ബഡുക്കൂസുകളായ ഞങ്ങൾക്ക് വേണ്ടി വല്ലതും കുത്തിക്കുറിക്കുകയാണോ. എഴുതുകയാണെങ്കിൽ ഈ ബുദ്ദൂസിനൊരു അപേക്ഷയുണ്ട്. ഇനിയും സ്നേഹത്തിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കണം, കലുഷമായ അന്തരീക്ഷത്തെ തണുപ്പിക്കണം, ഈ മൂഢന്മാരെ ഇരുത്തി ചിന്തിപ്പിക്കണം. അവിടെയും എഴുത്തിന് കൂട്ടായി സുലൈമാനിയും വിരലുകൾക്കിടയിൽ എരിഞ്ഞ് തീരുന്ന ബീഡിയും കിട്ടട്ടെയെന്ന് ഞാൻ മനസിൽ തൊട്ട് പ്രാർത്ഥിക്കുന്നു.
തിരക്കൊഴിഞ്ഞാൽ മറുപടി എഴുതണം.
എന്ന്,
ഇമ്മിണി ബല്യ സ്നേഹത്തോടെ,
ഈ ലൊഡുക്കൂസ് വരികളെഴുതിയ ബുദ്ദൂസ്.
